സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ പിളര്‍ത്തി; സി.പി.എം. പിന്തുണയോടെ പുതിയ സംഘടന

Posted on: 22 Mar 2010


-എന്‍.എസ്. ബിജുരാജ്‌



സമ്മേളനം സ്‌പോണ്‍സര്‍ ചെയ്തത് കുത്തകക്കമ്പനികള്‍


ബാംഗ്ലൂര്‍: രാജ്യത്തെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ പിളര്‍ത്തിക്കൊണ്ട് സി.പി.എം. പുതിയ സംഘടനയ്ക്ക് രൂപം നല്‍കി. ബാംഗ്ലൂരില്‍ ശനിയാഴ്ച തുടങ്ങിയ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ദേശീയ സമ്മേളനത്തിലാണ് 'ഫ്രീ സോഫ്റ്റ്‌വെയര്‍ മൂവ്‌മെന്റ് ഓഫ് ഇന്ത്യ' (എഫ്.എസ്.എം.ഐ.) എന്ന സംഘടനയ്ക്ക് പാര്‍ട്ടിയംഗങ്ങളും അനുകൂലികളുമായ സാങ്കേതികപ്രവര്‍ത്തകര്‍ ചേര്‍ന്നു രൂപംകൊടുത്തത്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ വളര്‍ച്ചയെ അന്താരാഷ്ട്രതലത്തില്‍ത്തന്നെ തുരങ്കംവച്ചുകൊണ്ടിരിക്കുന്ന കുത്തകക്കമ്പനികളാണ് ഈ സമ്മേളനം സ്‌പോണ്‍സര്‍ ചെയ്തത്.

മൈക്രോസോഫ്റ്റ് പോലെയുള്ള കുത്തക സോഫ്റ്റ്‌വെയറുകള്‍ക്കെതിരെ ഐ.ടി.സൈദ്ധാന്തികനായ റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ തുടക്കമിട്ട ആഗോളപ്രസ്ഥാനമാണ് ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍.

തിരുവനന്തപുരം കേന്ദ്രമാക്കി ഇതിന്റെ ഇന്ത്യന്‍ ഘടകമായ 'ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ' നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിച്ചാര്‍ഡ് സ്റ്റാള്‍മാന്‍ തന്നെയെത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വഹിച്ച ഈ സംഘടനയാണ് ഇപ്പോള്‍ ഇന്ത്യയിലെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്. ഈ സംഘടനയ്‌ക്കെതിരെയാണ് സി.പി.എം. പിന്തുണയോടെ പുതിയ എഫ്.എസ്.എം.ഐ.ക്ക് രൂപം കൊടുത്തിരിക്കുന്നത്. മലയാളിയും കൊച്ചി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അപ്രോപ്രിയേറ്റ് ടെക്‌നോളജി പ്രമോഷന്‍ സൊസൈറ്റി മേധാവിയുമായ ജോസഫ് തോമസിനെ എഫ്.എസ്.എം.ഐ.യുടെ ദേശീയ പ്രസിഡണ്ടായി ഞായറാഴ്ച ബാംഗ്ലൂര്‍ സമ്മേളനം തിരഞ്ഞെടുത്തു. പാര്‍ട്ടി അംഗവും ആന്ധ്രാപ്രദേശുകാരനുമായ കിരണ്‍ ചന്ദ്രയാണ് സെക്രട്ടറി. ബഹുരാഷ്ട്ര ഐ.ടി. കമ്പനിയായ 'നോവല്ലി'ന്റെ പ്രതിനിധി കൂടിയാണ് കിരണ്‍ചന്ദ്ര. ലോകത്തെ ഏറ്റവും വലിയ സോഫ്റ്റ്‌വെയര്‍ കുത്തകയും സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ ഏറ്റവും ശക്തമായി എതിര്‍ക്കുകയും ചെയ്യുന്ന മൈക്രോസോഫ്റ്റിന്റെ പ്രധാന ബിസിനസ് പങ്കാളിയാണ് 'നോവല്‍'. ബഹുരാഷ്ട്ര ഐ.ടി.കുത്തകകളായ യാഹൂ, ആമസോണ്‍, എച്ച്.പി., കാപ്‌ജെനിനി എന്നിവരാണ് നോവലിനെക്കൂടാതെ സമ്മേളനത്തിന്റെ മറ്റ് സ്വകാര്യപങ്കാളികള്‍.കേരള ഐ.ടി.മിഷനു പുറമെ പശ്ചിമബംഗാള്‍ സര്‍ക്കാരും പ്രധാന സ്‌പോണ്‍സര്‍മാരിലുണ്ട്. പൊതുവേ കുത്തക സോഫ്റ്റ്‌വെയര്‍ കമ്പനികളോട് ആഭിമുഖ്യം പുലര്‍ത്തുന്ന കര്‍ണാടകത്തിലെ ബി.ജെ.പി. സര്‍ക്കാറാണ് മറ്റൊരു പങ്കാളി.

ഇന്ത്യയില്‍ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ മുന്നേറ്റത്തിന് തുടക്കം കുറിച്ച ഫ്രീ സോഫ്റ്റ്‌വെയര്‍ ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയെയും അതിന്റെ ഭാരവാഹികളെയും ബാംഗ്ലൂര്‍ സമ്മേളനത്തില്‍ ഒഴിവാക്കി.തങ്ങളെ വിവരം അറിയിക്കുകയോ സമ്മേളനത്തിലേക്ക് ക്ഷണിക്കുകയോ ചെയ്തിട്ടില്ലെന്ന് ഫൗണ്ടേഷന്റെ ഭാരവാഹികള്‍ പറഞ്ഞു. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനവുമായി പുലബന്ധംപോലുമില്ലാത്തവരാണ് പുതിയ സംഘടനയുടെ വക്താക്കളെന്ന് മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദന്റെ മുന്‍ ഐ.ടി.ഉപദേശകന്‍ ജോസഫ് സി.മാത്യു ടെലിഫോണില്‍ അറിയിച്ചു. വി.എസ്.അച്യുതാനന്ദന്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അറിയിച്ചിരുന്നെങ്കിലും അദ്ദേഹം സമ്മേളനത്തിനെത്തിയില്ല.
News in this Section